All Kerala Varnava Society
മുൻ തിരുവിതാംകൂർ സംസ്ഥാനത്ത് തിരുവല്ല താലൂക്കിൽ കവിയൂർ വില്ലേജിൽ ഞാലിഭാഗം കോച്ചേരി വീട്ടിൽ അയ്യപ്പന്റെയും ചിരുതയുടെയും ഇളയ മകനായി 1898 സെപ്റ്റംബർ 18-ാം തീയതി കവിയൂർ കെ കെ കൊച്ചു കുഞ്ഞ് ജനിച്ചു. മുന്നോക്ക വിദ്യാർത്ഥികളിൽ നിന്ന് തീണ്ടാപ്പാടകലെ മാറ്റിയിരുത്തി നിലത്തെഴുത്തിലൂടെ അദ്ദേഹം അക്ഷരാഭ്യാസം ആരംഭിച്ചു. എഴുത്തോല എറിഞ്ഞു കൊടുക്കലിയിരുന്നു പതിവ്. ആശാൻ വടി ഏറിഞ്ഞടിച്ചാണ് ശിക്ഷിച്ചിരുന്നത്.
താഴ്ന്ന ജാതിക്കാരനായിരുന്നതുകൊണ്ട് ജന്മ സ്ഥലത്തെ സ്കൂളിൽ ആദ്യം പ്രവേശനം നിഷേധിക്കുകയും പിന്നീട് ആ സ്കൂളിൽ തന്നെ പ്രവേശനം നേടുകയും ചെയ്തു. പിന്നീട് പടിഞ്ഞാറേശ്ശേരി സിഎംഎസ് സ്കൂളിൽ നാലാം ക്ലാസിൽ ചേർന്നു കവിയൂർ കെ എൻ എം സ്കൂളിൽനിന്ന് ഏഴാം ക്ലാസ് പാസായി.
വിദ്യാഭ്യാസ കാലഘട്ടത്തിൽ അനുഭവിക്കേണ്ടിവന്ന വിവേചനവും അവഹേളനവും, അയിത്തത്തിനും അനാചാരങ്ങൾക്കും എതിരെ പൊരുതാൻ അദ്ദേഹത്തിന് പ്രചോദനമായി. 1937-ൽ തിരുവിതാംകൂർ നിയമസഭയിലേക്ക് (ശ്രീ മൂലം അസംബ്ലി) നോമിനേറ്റ് ചെയ്യപ്പെട്ടു. ഏഴുവർഷം നിയമസഭാംഗമായി പ്രവർത്തിച്ചു.
വിവിധ സ്ഥലങ്ങളിൽ വ്യത്യസ്ത പേരുകളിൽ അറിയപ്പെട്ടിരുന്ന വണ്ണാൻ, മണ്ണാൻ, വേലൻ, പതിയാൻ, നേരിയൻ ഏറ്റാളി, പരവൻ തുടങ്ങിയവരെ ഒരു കുടക്കീഴിൽ അണിനിരത്തി 1935ൽ സമസ്ത തിരുവിതാംകൂർ വർണവസമാജം രൂപീകരിച്ചു.
1937 മാർച്ച് 6 ന് സംഘടന രജിസ്റ്റർ ചെയ്തു. 1941ൽ പിന്നോക്ക സമുദായ ഹിന്ദു ഫെഡറേഷൻ അദ്ദേഹം രൂപീകരിച്ചു. പബ്ലിക് സർവീസ് കാർഷിക ബോർഡ്, പിന്നോക്ക സമുദായോദ്ധാരണ ബോർഡ്, കേരള സംസ്ഥാന ഹരിജൻ അഡ്വൈസറി കമ്മിറ്റി എന്നിവിടങ്ങളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വർണ്ണവമിത്രം ഹരിജന മിത്രം എന്നിങ്ങനെ രണ്ട് പത്രങ്ങൾ അദ്ദേഹം തിരുവനന്തപുരത്തുനിന്നും പ്രസിദ്ധീകരിച്ചു.